വന്ദേ ഭാരത് കാസർകോട് വരെ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി

  • 18/04/2023

ന്യൂ ഡൽഹി: സംസ്ഥാനത്തിനു അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാസർകോട് വരെ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നേരത്തെ തീരുമാനിച്ച തിരുവനന്തപുരം- കണ്ണൂർ സർവീസ് കാസർകോട് വരെ നീട്ടിയതായി മന്ത്രി അറിയിച്ചു. സർവീസ് കാസർകോടു വരെ നീട്ടണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അഭ്യർഥിച്ചതായും ഇതേ തുടർന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ ട്രാക്കുകളുടെ ക്ഷമത കണക്കിലെടുത്താണ് വേഗത കുറച്ചിരിക്കുന്നത്. കേരളത്തിൽ രണ്ടു ഘട്ടമായി ട്രാക്ക് അപ്‌ഗ്രേഡ് ചെയ്യും. ആദ്യ ഘട്ടത്തിനായി 381 കോടി രൂപ വകയിരിത്തിയിട്ടുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള തരത്തിലായിരിക്കും ട്രാക്ക് അപ്‌ഗ്രേഡ് ചെയ്യുക. വേഗപരിധി മണിക്കൂറിൽ 70 ഉം 80 കിലോമീറ്ററുകളുള്ള സെക്ഷനുകളുണ്ട്. അത് 110 ആയി ഉയർത്തുമെന്നും ഇതിനായുള്ള ആദ്യ ഘട്ട നിർമ്മാണ പ്രവൃത്തികൾ അടുത്ത ഒന്നര വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

കാസർകോട്- തിരുവനന്തപുരം വേഗപരിധി മണിക്കൂറിൽ 130 കിലോമീറ്റർ ആയി ഉയർത്താനുള്ള പ്രവൃത്തികളാണ് രണ്ടാം ഘട്ടത്തിൽ നടക്കുക. ഇതിനായി വിവിധയിടങ്ങളിൽ വളവുകൾ നേരെയാക്കാനുള്ള പ്രവൃത്തി ആവശ്യമാണ്. വളവുകൾ നേരെയാക്കാനായി കുറച്ചു ഭൂമി ഏറ്റെടുക്കേണ്ടി വന്നേക്കും. അതിനാൽ രണ്ടാം ഘട്ട പ്രവൃത്തികൾക്ക് സമയം കൂടുതൽ വേണ്ടി വരും. രണ്ടു മുതൽ മൂന്നര വർഷത്തിനുള്ളിൽ രണ്ടാം ഘട്ട പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Related News