ദേശീയ പാര്‍ട്ടി പദവി നഷ്ടമായതിൽ സഹായത്തിനായി അമിത് ഷായെ വിളിച്ചെന്ന ആരോപണം; തെളിയിച്ചാൽ രാജിയെന്ന് മമത

  • 19/04/2023

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായതിന് പിന്നാലെ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആരോപണം ശരിയാണെന്ന് തെളിയിച്ചാല്‍ മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


'ഇത്തരമൊരു പ്രചാരണം കേട്ടപ്പോള്‍ ആശ്ചര്യവും ഞെട്ടലുമുണ്ടായി. തൃണമൂലിന്റെ ദേശീയ പാര്‍ട്ടി പദവി സംബന്ധിച്ച വിഷയത്തില്‍ ഞാന്‍ അമിത് ഷായെ വിളിച്ചുവെന്ന് തെളിയിച്ചാല്‍ മുഖ്യമന്ത്രി പദം രാജിവെക്കാന്‍ തയ്യാറാണ്', മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ പാര്‍ട്ടി പദവി പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച്‌ മമത അമിത് ഷായെ ഫോണില്‍ വിളിച്ചുവെന്ന് ബംഗാള്‍ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയാണ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിച്ചശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം തുടക്കത്തിലാണ് തൃണമൂലിന്റെ ദേശീയ പാര്‍ട്ടി പദവി എടുത്തുകളഞ്ഞത്. ഇതിന് പിന്നാലെ മമത അമിത് ഷായുടെ സഹായം തേടിയെന്നായിരുന്നു ആരോപണം.

Related News