ജോലി മടുത്തു; അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനം രാജിവെച്ച് ചുമടെടുക്കാൻ ഇറങ്ങി യുവാവ്

  • 19/04/2023

ഹൈദരാബാദ്: ഒരേ ജോലിതന്നെ ജീവിതകാലം മുഴുവന്‍ ചെയ്താല്‍ ചിലപ്പോള്‍ മടുക്കില്ലേ? എല്ലാവര്‍ക്കും മടുക്കണമെന്നില്ല, എന്നാല്‍ ചിലര്‍ക്ക് മടുക്കും. ഹൈദരാബാദിലെ ഒരു എന്‍ജിനിയറിങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ യുവാവിന് ജോലി മടുത്തു. അതുകൊണ്ട് അദ്ദേഹം ജോലിയുപേക്ഷിച്ച്‌ പ്രദേശത്തെ ഒരു പഴച്ചന്തയില്‍ ചുമട്ടുതൊഴിലാളിയായി. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് വിചിത്രമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഹൈദരാബാദിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ് ബോറടി മാറ്റാന്‍ ചുമട്ടുതൊഴില്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഏഴുമുതല്‍ യുവാവിനെ കാണാതായിരുന്നു. ഇയാള്‍ തെലങ്കാനയിലെ തന്റെ നാട്ടിലേക്ക് പോയതായിരിക്കുമെന്നാണ് കോളേജ് അധികൃതര്‍ കരുതിയത്. എന്നാല്‍, ഇയാള്‍ വീട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം അറിയിച്ചു.

ഏതാനും ദിവസം കാത്തിരുന്നിട്ടും ഇയാളെക്കുറിച്ച്‌ വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അബ്ദുള്ളപുര്‍മേട്ടിലെ പഴച്ചന്തയില്‍ നിന്ന് യുവാവിനെ കണ്ടെത്തിയത്. അബ്ദുള്ളപുര്‍മേട് പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് യുവാവിനെ കുടുംബത്തിന് കൈമാറി.

നേരത്തേയും സമാനരീതിയില്‍ ഇയാളെ കാണാതായിട്ടുണ്ടെന്ന് കുടുംബം പോലീസിനെ അറിയിച്ചു. അന്നും വീടിനടുത്തുള്ള ചന്തയില്‍ ഇയാള്‍ പോര്‍ട്ടര്‍ ജോലി ചെയ്യവെയാണ് കണ്ടെത്തിയതെന്നും കുടുംബം പോലീസിനോട് പറഞ്ഞു. യുവാവിന് കൗണ്‍സിലിങ് നല്‍കാന്‍ പോലീസ് കുടുംബത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News