മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 40 വർഷം തടവും പിഴയും

  • 21/04/2023

ഗോണ്ടിയ: മഹാരാഷ്ട്രയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ് ഷെൻഡെ എന്ന 28 വയസുകാരനെയാണ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 40 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്.

നാലര വയസ്സുള്ള പെൺകുട്ടിയെ  ആളില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് യുവാവ് പീഡിപ്പിച്ചത്. സലേകാസ പോലീസ് സ്റ്റേഷൻ പരിധിയില്‍ 2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പീഡനത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തില്‍  മുകേഷ് ഷെൻഡെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് കണ്ടെത്തി. ഒളിവിലായിരുന്ന പ്രതിയെ പിന്നീട് പോക്സോ കേസ് ചുമത്തി പോലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിൽ പ്രതി കുറ്റം സമ്മതിച്ചു.  

Related News