രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 23/04/2023

ദില്ലി: രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളില്‍ പകര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.


കേരളത്തിന് പുറമെ, ഉത്തര്‍പ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്. മാര്‍ച്ച്‌ മുതല്‍ രാജ്യത്ത് കൊവിഡ് കേസുകളുടെ തോത് ഉയരുകയാണ്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയില്‍ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കി.

അതേസമയം, സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് നിര്‍ത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ കേന്ദ്രത്തിന്റെ അനുവാദം തേടേണ്ടതില്ല എന്ന് നിര്‍ദ്ദേശം നല്‍കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

Related News