ന്യുമോണിയ മാറാൻ മന്ത്രവാദം; മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഇരുമ്ബു പഴുപ്പിച്ച്‌ പൊള്ളിച്ചു

  • 23/04/2023

ഭോപ്പാല്: ന്യുമോണിയ മാറാന്‍ മധ്യപ്രദേശിലെ ഗോത്രമേഖലയില്‍ മന്ത്രവാദം. മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഇരുമ്ബു പഴുപ്പിച്ച്‌ പൊള്ളിച്ചു. ഝാബുവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രണ്ടു മാസം, ആറു മാസം, ഏഴു മാസം പ്രായത്തിലുള്ള പിപിലിയഖാദന്‍, ഹദുമതിയ, സമോയ് എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്. ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികളില്‍ ഉണ്ടായിരുന്നത്.


പിന്നീടാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ രോഗബാധിതരായ കുട്ടികളെ ആശുപത്രികളില്‍ എത്തിക്കുന്നതിന് പകരം മാതാപിതാക്കള്‍ മന്ത്രവാദികളുടെ അടുത്തേക്കാണ് കൊണ്ടുപോയത്. അസുഖം മാറാന്‍ മന്ത്രവാദ ക്രിയകള്‍ നടത്തി. തുടര്‍ന്ന് നെഞ്ചിലും വയറിലും ഇരുമ്ബു പഴുപ്പിച്ച്‌ പൊള്ളിച്ചു.

പൊള്ളലേറ്റ് കുട്ടികളുടെ ആരോഗ്യനില വഷളായതോടെയാണ് മാതാപിതാക്കള്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം മധ്യപ്രദേശിന്റെ ഝാബുവ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് ഝാബുവ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദ്ഗധന്‍ ഡോ. സന്ദീപ് ചോപ്ര പറഞ്ഞു. പ്രതിമാസം 100 മുതല്‍ 150 വരെ കുട്ടികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.

പകുതിയിലേറെ കുട്ടികളും ന്യുമോണിയ ബാധിതരാകും. ഇതില്‍ 20 മുതല്‍ 30 വരെ കുട്ടികള്‍ ഇത്തരത്തില്‍ പൊള്ളലേറ്റതിനെ തുടര്‍ന്നാകും ആശുപത്രിയില്‍ ചികിത്സ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News