അപ്പാര്‍ട്ട്മെന്റിന്റെ വാതിലില്‍ മുട്ടിയ ശേഷം വെടിയുതിര്‍ത്തു, മാസ്ക് ധരിച്ചെത്തിയ അക്രമകാരികളെ തിരഞ്ഞ് പൊലീസ്

  • 24/04/2023

ന്യൂഡല്‍ഹി: മാസ്ക് ധരിച്ചെത്തിയ രണ്ടുപേര്‍ അപ്പാര്‍ട്ട്മെന്റിന്റെ വാതിലില്‍ മുട്ടിയ ശേഷം വെടിയുതിര്‍ത്തു. പ്രകോപനത്തിന് കാരണം വ്യക്തമല്ല. ഇതിന് ശേഷം താഴേക്ക് ഇറങ്ങിയ രണ്ടുപേരും താഴത്തെ നിലയിലെ അപ്പാര്‍ട്ട്മെന്റിന്റെ ജനലിലും വെടിയുതിര്‍ത്ത ശേഷമാണ് കടന്നുകളഞ്ഞത്.


ദക്ഷിണ കിഴക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ചയാണ് സംഭവം. അപ്പാര്‍ട്ട്മെന്റിന്റെ വാതിലില്‍ തുടര്‍ച്ചയായി മുട്ടിയ ശേഷം രണ്ടുപേര്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാര്‍പ്പിട സമുച്ചയത്തിന്റെ ഒന്നാമത്തെ നിലയിലേക്ക് കയറിയ ശേഷമാണ് യുവാക്കളുടെ പ്രകോപനം. അപ്പാര്‍ട്ട്മെന്റിന്റെ വാതിലില്‍ തുടര്‍ച്ചയായി മുട്ടിയ ശേഷം താഴെയ്ക്ക് ഇറങ്ങി. തുടര്‍ന്ന് ചവിട്ടുപടിയില്‍ നിന്ന് കൊണ്ട് വാതില്‍ ലക്ഷ്യമാക്കി രണ്ടുതവണയാണ് വെടിയുതിര്‍ത്തത്. യുവാക്കളില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.

തുടര്‍ന്ന് താഴേക്ക് ഓടിയിറങ്ങിയ സംഘം, താഴത്തെ നിലയില്‍ മറ്റൊരു അപ്പാര്‍ട്ട്മെന്റിന്റെ ജനലിലേക്ക് കൂടി വെടിയുതിര്‍ത്ത ശേഷമാണ് കടന്നുകളഞ്ഞത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News