തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള ആദായ നികുതി റെയ്ഡ് ഇന്നലെ രാത്രിയും തുടര്‍ന്നു

  • 25/04/2023

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള ആദായ നികുതി റെയ്ഡ് ഇന്നലെ രാത്രിയും തുടര്‍ന്നു. ബെനാമി നിക്ഷേപം ആരോപിക്കപ്പെടുന്ന ജി സ്ക്വയര്‍ റിലേഷന്‍സ് കമ്ബനിയുടെ ഓഫീസുകളിലും വീടുകളിലുമായി 50 ഇടത്താണ് പരിശോധന നടന്നത്. എംകെ സ്റ്റാലിന്റെ മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടന്നെങ്കിലും റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഡിഎംകെ നടത്തിയിട്ടില്ല.


തമിഴ്നാട്ടിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്ബനിയാണ് ജി സ്ക്വയര്‍. കമ്ബനിയുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഇന്നലെ തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടര്‍ന്നു. ചെന്നൈ, ട്രിച്ചി, കോയമ്ബത്തൂര്‍ അടക്കം വിവിധ തമിഴ്നാട് നഗരങ്ങളിലെ ജി സ്ക്വയറിന്‍റെ ഓഫീസുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലുമായി 50 ഇടങ്ങളിലായിരുന്നു റെയ്ഡ്. സ്റ്റാലിന്‍ കുടുംബത്തിനും ഉന്നത ഡിഎംകെ നേതാക്കള്‍ക്കും ഈ കമ്ബനിയില്‍ നിക്ഷേപമുണ്ടെന്ന തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെ ആയിരുന്നു ആദായ നികുതി വകുപ്പിന്‍റെ പൊടുന്നനെയുള്ള നീക്കം.

ഡിഎംകെ എംഎല്‍എ എംകെ മോഹന്റെ വീട്ടിലും സ്റ്റാലിന്‍റെ മരുമകന്‍ ശബരീശന്‍റെ ഓഡിറ്റര്‍ ഷണ്‍മുഖരാജിന്‍റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ അണികളും നേതാക്കളും എംഎല്‍എ എംകെ മോഹന്‍റെ വീട്ടിന് മുന്നില്‍ റെയ്ഡിനെതിരെ പ്രതിഷേധിച്ചു. ബിജെപി ഇതര ഭരണമുള്ള സംസ്ഥാന സര്‍ക്കാരുകളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഡിഎംകെ റെയ്ഡിനെതിരെ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രതിരോധം. അതേസമയം ഡിഎംകെ ഔദ്യോഗികമായി സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിശോധന ഇന്നും തുടരുമോയെന്ന് വ്യക്തമല്ല.

Related News