മന്‍ കി ബാത്ത് നൂറാം എപ്പിസോഡിനുനബന്ധിച്ച്‌ പ്രത്യേക നാണയം പുറത്തിറക്കി കേന്ദ്രം

  • 26/04/2023

ദില്ലി: മന്‍ കി ബാത്ത് നൂറാം എപ്പിസോഡിനുനബന്ധിച്ച്‌ പ്രത്യേക നാണയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കി. നൂറ് രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. രാഷ്ട്രീയക്കാരനായ നരേന്ദ്ര മോദി 99 എപ്പിസോഡിലും ഒരു രാഷ്ട്രീയ വിഷയം പോലും ഉന്നയിച്ചില്ലെന്നതാണ് മന്‍ കി ബാത്തിനെ മനോഹരമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. മോദിയുടെ മന്‍ കി ബാത്ത് ആകാശവാണിയെ യുവതലമുറയിലേക്ക് എത്തിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.


ജാതി -കുടുംബ രാഷ്ട്രീയവും , പ്രീണനവും ഇല്ലാതാക്കിയതും പദ്മ പുരസ്കാരങ്ങള്‍ ജനാധിപത്യവല്‍ക്കരിച്ചതുമാണ് മോദിയുടെ പ്രധാന സംഭാവനയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നൂറ് രൂപാ നാണയത്തിനൊപ്പം സ്റ്റാംപും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ പ്രചാരത്തിലുള്ള നാണയത്തില്‍ നിന്ന് വ്യത്യസ്തമാകും മന്‍ കി ബാത്ത് നാണയമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം വിശദമാക്കുന്നത്. നാല് ലോഹങ്ങളുപയോഗിച്ചാണ് ഈ നാണയം നിര്‍മ്മിച്ചിരിക്കുന്നതെന്നും 44 മില്ലിമീറ്റര്‍ വ്യാസവും ഈ നാണയത്തിനുണ്ടാവും.

ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് നാണയം പുറത്തിറക്കിയത്. 2014 ഒക്ടോബര്‍ 3 ലാണ് ഈ പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളില്‍ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍ കി ബാത്ത് ആരംഭിച്ചത്. മന്‍ കി ബാത്തില്‍ കേരളം ചര്‍ച്ചയായത് 15 ലേറെ തവണയാണ്.

Related News