സുരക്ഷ നൽകാൻ മാസം 20 ലക്ഷം രൂപ; കര്‍ണാടക സര്‍ക്കാരിനെതിരെ മദനി വീണ്ടും സുപ്രീം കോടതിയില്‍

  • 27/04/2023

ദില്ലി: കര്‍ണാടക സര്‍ക്കാരിനെതിരെ മദനി വീണ്ടും സുപ്രീം കോടതിയില്‍. കേരളത്തില്‍ സുരക്ഷ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു മാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് കോടതിയില്‍ പരാമര്‍ശിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടപടി കോടതി ഉത്തരവിനെ നീര്‍വീര്യമാക്കുന്നതെന്ന് സുപ്രിം കോടതി നീരീക്ഷിച്ചു.


കഴിഞ്ഞ തവണ നാല് ഉദ്യോഗസ്ഥര്‍ വന്നിടത്ത് ഇത്തവണ ഇത് വര്‍ധിച്ചത് എങ്ങനെയെന്ന് കോടതി ചോദിച്ചു.വിഷയത്തില്‍ മറുപടി സമര്‍പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കി.മദനിയുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും.

82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ ആണ് മദനിയെ അനുഗമിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കര്‍ണാടക പൊലീസിന്‍റെ നിലപാട് . എന്നാല്‍ ഇത്രയും തുക നല്‍കാന്‍ നിലവില്‍ നിര്‍വാഹമില്ലെന്നാണ് മദനിയുടെ കുടുംബം പറയുന്നത്. ഈ തുകയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും നിയമനടപടികളിലേക്ക് മദനിയുടെ കുടുംബം പോകുന്നത്.

Related News