ബ്ലോക്ക് ചെയ്ത സോഷ്യല്‍മീഡിയ അക്കൗണ്ട് വീണ്ടെടുത്ത് തരാമെന്ന് വാഗ്ദാനം; യുവതിയുടെ 90,000 രൂപ തട്ടി

  • 27/04/2023

ന്യൂഡല്‍ഹി: ബ്ലോക്ക് ചെയ്ത സോഷ്യല്‍മീഡിയ അക്കൗണ്ട് വീണ്ടെടുത്ത് തരാമെന്ന് വാഗ്ദാനം നല്‍കി യുവതിയുടെ 90,000 രൂപ തട്ടിയെടുത്ത കേസില്‍ 20കാരന്‍ അറസ്റ്റില്‍. എട്ടുലക്ഷം ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്കായ വിവരം യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. സാം എന്ന പേരിലുള്ളയാള്‍ വാട്‌സ്‌ആപ്പ് വഴിയാണ് തട്ടിപ്പുകാരന്റെ പേര് യുവതിയോട് നിര്‍ദേശിച്ചതെന്നും പൊലീസ് പറയുന്നു.


ഡല്‍ഹിയിലാണ് സംഭവം.അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റി തരുന്നതിന് തുടക്കത്തില്‍ 10,000 രൂപയാണ് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വ്യത്യസ്ത ഇടപാടുകളിലായി 80,000 രൂപ കൂടി തട്ടിയെടുത്തു. അക്കൗണ്ട് ഡീലിറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു. മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ജാമിയ നഗര്‍ സ്വദേശിയായ ജുനെദ് ബേഗിനെ അറസ്റ്റ് ചെയ്തത്.

ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളെയാണ് താന്‍ ലക്ഷ്യം വെയ്ക്കാറെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഈ അക്കൗണ്ടുകളില്‍ മോശം ഉള്ളടക്കം ഉണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യും. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതോടെ, അക്കൗണ്ട് വീണ്ടെടുത്ത് തരാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ച്‌ തട്ടിപ്പിന് ഇരയാക്കുന്നതാണ് തന്റെ രീതിയെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

Related News