ദേവികുളം എം.എല്‍.എ. എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

  • 28/04/2023

ന്യൂഡല്‍ഹി: ദേവികുളം എം.എല്‍.എ. എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. രാജയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍, സഭയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടായിരിക്കില്ല. ഹര്‍ജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ശമ്ബളത്തിനോ, മറ്റ് അനുകൂല്യങ്ങള്‍ക്കോ അര്‍ഹതയുണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.


ഹൈക്കോടതി വിധിക്ക് എതിരായ രാജയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എതിര്‍ സ്ഥാനാര്‍ഥിയായ ഡി. കുമാറിന് നോട്ടീസ് അയച്ചു. കേസില്‍ ജൂലൈ 12-ന് അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വ്യാജ രേഖ ചമയ്ക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് രാജയ്ക്കെതിരെ ഉള്ളതെന്നും, അതിനാല്‍ സ്റ്റേ അനുവദിക്കരുതെന്നും കുമാറിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും, മണ്ഡലത്തിന് എം.എല്‍.എ. ഇല്ലാത്ത സാഹചര്യമുണ്ടാകുമെന്നും രാജയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസ് അടുത്ത തവണ പരിഗണിക്കുന്നത് വരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

Related News