ഓപ്പറേഷന്‍ കാവേരി: മലയാളികള്‍ ബംഗളുരു വിമാനത്താവളത്തില്‍ കുടുങ്ങി

  • 28/04/2023

ബെംഗളൂരു: ഓപ്പറേഷന്‍ കാവേരിയിലൂടെ സുഡാനില്‍ നിന്ന് വന്ന മലയാളികള്‍ ബംഗളുരു വിമാനത്താവളത്തില്‍ കുടുങ്ങി. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്. അതല്ലെങ്കില്‍ സ്വന്തം ചിലവില്‍ അഞ്ച് ദിവസം ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. 25 മലയാളികള്‍ ആണ് ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുന്നത്.


ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളുരുവില്‍ ക്വാറന്റീന്‍ ചെലവ് കൂടി താങ്ങാന്‍ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് സര്‍ക്കാറിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. ദില്ലിയിലും മുംബൈയിലും എത്തിയവര്‍ക്ക് ഇത്തരം നിബന്ധനകളില്ലായിരുന്നു. ഉദ്യോഗസ്ഥരോട് ഈ വിഷയത്തില്‍ സംസാരിക്കുമെന്നും കെവി തോമസ് പറഞ്ഞു.

Related News