ഓപ്പറേഷന്‍ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2300 ഓളം പേരെ: എസ് ജയശങ്കര്‍

  • 30/04/2023

ദില്ലി: സുഡാനില്‍ നിന്നും ഓപ്പറേഷന്‍ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2300 ഓളം പേരെയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഏറ്റവും ഒടുവില്‍ 40 പേരെ സൈനിക വിമാനത്തില്‍ ദില്ലിയില്‍ എത്തിച്ചു എന്നും എസ് ജയശങ്കര്‍ പറഞ്ഞു. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


വ്യാഴാഴ്ച രാവിലെവരെ 1,100 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 606 പേര്‍ ഇതിനകം ഇന്ത്യയില്‍ എത്തി. ഇതില്‍ 27 മലയാളികളും ഉള്‍പ്പെടും. ജിദ്ദയില്‍ എത്തിയ ബാക്കിയുള്ളവരെ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച്‌ നാട്ടിലെത്തിക്കും. വരും ദിവസങ്ങളില്‍ സുഡാനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യക്കാര്‍ കൂടി പോര്‍ട്ട് സുഡാനില്‍നിന്ന് ഓപറേഷന്‍ കാവേരി വഴി ജിദ്ദയിലെത്തും. ജിദ്ദയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആണ് പ്രവര്‍ത്തിക്കുന്നത്.

സുഡാനിലുള്ള ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും അവര്‍ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മുഴുവന്‍ സമയവും രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു. സൗദി ഭരണകൂടത്തിന്റ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്നും പൂര്‍ണമായുമുള്ള സഹകരണമാണ് ലഭിക്കുന്നത്. അവരുടെ കൂടി സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സൗദിയുടെ സഹകരണത്തിന് കേന്ദ്ര സര്‍ക്കാറിന്റ കൃതജ്ഞത രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

Related News