ലുധിയാനയിലുണ്ടായ വാതക ചോര്‍ച്ച ദുരന്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു സ‍ര്‍ക്കാര്‍

  • 01/05/2023

ലുധിയാന: പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതക ചോര്‍ച്ച ദുരന്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു സ‍ര്‍ക്കാര്‍. പോലീസ് കേസെടുത്തതില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തില്ല. വായുവില്‍ ഉയര്‍ന്ന അളവില്‍ ഹൈഡ്രജന്‍ സള്ഫൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറിയില്‍ നിന്നും രാസ മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളിയതിനെ തുടര്‍ന്നാണ് വാതകം രൂപപ്പെട്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


അതേസമയം, ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരണം 11ആയി. 4 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും, ആശുപത്രിയിലുള്ളവര്‍ക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണത്തെ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് പറഞ്ഞു.

ഇന്നലെ രാവിലെ ഏഴേകാലോടെയാണ് ഗിയാസ്പുരയിലെ ഗോയല്‍ മില്‍ക്ക് പ്ലാന്റില് വാതകം ചോര്‍ന്നത്. 300 മീറ്റര്‍ ചുറ്റളവില്‍ വാതകം പടര്‍ന്നു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും മൂന്ന് കുട്ടികളും ഉള്‍പ്പെടും. വിഷവാതകമാണ് ചോര്‍ന്നതെന്നും, മരിച്ചുവീണവരുടെ മൃതദേഹങ്ങള്‍ നീല നിറത്തിലായെന്നും പ്രദേശവാസികള്‍ പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഉടന്‍ പ്രദേശവാസികളെ ഒഴിപ്പിക്കുകയായിരുന്നു. സമീപത്തെ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥലം സീല്‍ ചെയ്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

Related News