പോക്സോ ചുമത്തി കേസെടുത്തിട്ടും ബ്രിജ് ഭൂഷണെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല; നവ്ജ്യോത് സിങ് സിദ്ധു സമര വേദിയിൽ

  • 01/05/2023

ദില്ലി: ഗുസ്തി താരങ്ങളുടെ ദില്ലിയിലെ സമരം ഒന്‍പതാം ദിവസവും തുടരുന്നു. താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച്‌ ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും നവ്ജ്യോത് സിങ് സിദ്ധുവും പ്രതിഷേധവേദിയിലെത്തി. പോക്സോ ചുമത്തി കേസെടുത്തിട്ടും ബ്രിജ് ഭൂഷണെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് നവ്ജ്യേോത് സിങ് സിദ്ധു ചോദിച്ചു.


ലൈംഗീകാരോപണവിധേയനയായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ പോക്സോ അടക്കം ചുമത്തി കേസെടുത്തിട്ടും പൊലീസ് ചോദ്യം ചെയ്യുന്നത് വൈകുകയാണ് . ഇതടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച്‌ വിമ‍ര്‍ശനം കടുപ്പിച്ചാണ് ഗുസ്തി താരങ്ങള്‍ ഒന്‍പതാം ദിവസവും പ്രതിഷേധം തുടരുന്നത്. സമരത്തിന് ഐക്യദാര്‍ഡ്യം അറിയിച്ച്‌ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും , പ്രിയങ്കഗാന്ധിയും എത്തിയതിന് പിന്നാലെ ഇന്ന് സിദ്ധുവും ഹരീഷ് റാവത്തും സമര വേദിയിലെത്തി . സ്ത്രീകളുടെ ആത്മാഭിമാനത്തിന് വേണ്ടിയാണ് താരങ്ങള്‍ പോരാടുന്നതെന്നും സ്ത്രീകളെ ബഹുമാനിക്കാത്ത സമൂഹം അധിപതിക്കുമെന്നും സിദ്ധു കുറ്റപ്പെടുത്തി. രാജ്യത്തിന് അഭിമാനമായി മാറിയവ‍‍ര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ തെരുവില്‍ കഴിയുന്നവരുടെ അവസ്ഥയെന്താകുമെന്നും സിദ്ധു ചോദിച്ചു.

കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ താരങ്ങള്‍ക്ക് പിന്തുണ അറിയച്ചതോടെ സര്‍ക്കാരിന് മേലും കടുത്ത സമ്മര്‍ദ്ദം തുടരുന്നുണ്ട്. വൈകാതെ ബ്രിജ്ഭൂഷണെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് സാധ്യത. ഇതിനിടെ അഖിലേഷ് യാദവിന് തന്നെ അറിയാമെന്ന ബ്രിജ് ഭൂഷന്‍റെ പരാമര്‍ശം അഖിലേഷ് യാദവിനെയും സമാജ്‍വാദി പാര്‍ട്ടിയേയും പ്രതിസന്ധിയില്ലാക്കുന്നതാണ്. ബ്രിജ് ഭൂഷന്‍റെ പരാമര്‍ശത്തോട് അഖിലേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഡ്യം അറിയിച്ച്‌ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഉടന്‍ ജന്തര്‍മന്ദറിലെത്തിയേക്കും . എന്നാല്‍ സമരത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന ആരോപണമാണ് ബ്രിജ് ഭൂഷണ്‍ ഉന്നയിക്കുന്നത്

Related News