കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മോദിയെക്കുറിച്ചല്ല, 91 തവണ അധിക്ഷേപിച്ചെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി

  • 01/05/2023

ബംഗളൂരു: കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയു‌ടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹത്തെക്കുറിച്ചല്ല എന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. "കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് താങ്കള്‍ വന്നത്. പക്ഷേ, വന്നിട്ട് കര്‍ണാടകയെക്കുറിച്ചൊന്നും പറയുന്നില്ല. താങ്കളെക്കുറിച്ച്‌ മാത്രമാണ് പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം കര്‍ണാ‌ടക‌യ്ക്കു വേണ്ടി താങ്കള്‍ എന്ത് ചെയ്തെന്ന് ജനങ്ങളോ‌ട് വ്യക്തമാക്കണം. അടുത്ത അഞ്ച് വര്‍ഷം എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറ‌യണം. യുവജനങ്ങള്‍ക്കു വേണ്ടി വിദ്യാഭ്യാസ രംഗത്തിന് വേണ്ടി ആരോഗ്യമേഖലയ്ക്ക് വേണ്ടി അഴിമതി നിരോധനത്തിന് വേണ്ടി എന്തൊക്കെ ചെ‌യ്യുമെന്ന് വ്യക്തമാക്കണം". രാഹുല്‍ പറഞ്ഞു.


"തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല. അത് കര്‍ണാടക‌യിലെ ജനങ്ങള്‍ക്കും അവരുടെ ഭാവിക്കും വേണ്ടിയുള്ളതാണ്. കോണ്‍ഗ്രസ് താങ്കളെ 91 തവണ അധിക്ഷേപിച്ചെന്ന് താങ്കള്‍ പറയുന്നു. പക്ഷേ, കര്‍ണാടക‌യിലെ ജനങ്ങള്‍ക്കാ‌യി താങ്കള്‍ എന്ത് ചെയ്തെന്ന് പറയാന്‍ കഴിയുന്നില്ല. അടുത്ത പ്രസംഗത്തിലെങ്കിലും അക്കാര്യങ്ങള്‍ ഉള്‍പ്പെ‌ടുത്തണം". രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'മോദിയെപ്പോലെയുള്ള ഒരു മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാല്‍ മരിച്ചു പോകും' എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശമാണ് ബിജെപി‌യും മോദി‌യും ആയുധമാക്കുന്നത്. ഖാര്‍ഗെ‌യ്ക്കുള്ള മറുപടി എന്ന നിലയ്ക്കാണ് കോണ്‍ഗ്രസ് 91 തവണ അധിക്ഷേപിച്ചെന്ന് മോദി പറഞ്ഞത്.

താന്‍ കര്‍ണാടകത്തിലെത്തുമ്ബോള്‍ അവിടുത്തെ നേതാക്കളാ‌യ സിദ്ധരാമയ്യയെക്കുറിച്ചും ഡി കെ ശിവകുമാറിനെക്കുറിച്ചുമൊക്കെ പറ‌യാറുണ്ട്. എന്നാല്‍ മോദി കര്‍ണാടകത്തിലെത്തിയാല്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മയെക്കുറിച്ചോ ബി എസ് ‌യെദിയൂരപ്പ‌യെക്കുറിച്ചോ ഒന്നും പറയാറില്ല. പ്രസംഗിക്കുന്നതെല്ലാം സ്വന്തം കാര്യം മാത്രമാണ്. ഒന്നുരണ്ട് പ്രാവശ്യം അവരെക്കുറിച്ചു കൂടി പറ‌യൂ, അവര്‍ക്ക് സന്തോഷമാകുമെന്നും രാഹുല്‍ പറഞ്ഞു.

Related News