'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിന് ബിബിസിക്ക് സമന്‍സ്

  • 03/05/2023

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം പരാമര്‍ശിച്ചുള്ള 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിന് ബിബിസിക്ക് സമന്‍സ് അയച്ച്‌ ഡല്‍ഹി കോടതി. ബിജെപി നേതാവ് ബിനയ് കുമാര്‍ സിംഗ് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് കോടതി നടപടി.


കഴിഞ്ഞ ജനുവരിയിലാണ് 'ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' എന്ന പേരില്‍ ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. 2002 ഗുജറാത്ത് കൂട്ടക്കൊലയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കും പങ്കുണ്ടെന്ന് ഡോക്യുമെന്ററിയില്‍ ചൂണ്ടികാട്ടിയിരുന്നു. ബ്രിട്ടീഷ് എംബസി രേഖകളും മുന്‍ ഇന്ത്യന്‍ സ്ഥാനപതി അടക്കമുള്ള ഔദ്യോഗിക വൃത്തങ്ങളെയും ഉദ്ധരിച്ചു കൊണ്ട് പുറത്തിറക്കിയ ഡോക്യുമെന്‍ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

വിദേശ വിനിയമ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച്‌ നേരത്തെ ഇഡി ബിബിസിക്കെതിരെ കേസെടുത്തിരുന്നു. ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മൂന്നു ദിവസം നീണ്ട റെയ്ഡാണ് നടത്തിയത്. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്ന് റെയ്ഡിനു ശേഷം വകുപ്പ് അറിയിച്ചത്.

Related News