ശവസംസ്കാരം നടത്താന്‍ പണമില്ല, പിതാവിന്റെ മൃതദേഹം കുന്നിന്‍ മുകളില്‍ ഉപേക്ഷിച്ച മകനെതിരെ കേസ്

  • 03/05/2023

തിരുപ്പതി: ശവസംസ്കാരം നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹം കുന്നിന്‍ മുകളില്‍ ഉപേക്ഷിച്ച മകനെതിരെ കേസെടുത്തു. വൈഎസ്‌ആര്‍ ജില്ലയിലെ 24 കാരനായ ബൊമ്മ രാജശേഖര റെഡ്ഡിക്കെതിരെയാണ് കടപ്പ പൊലീസ് കേസെടുത്തത്.


കടപ്പയിലെ ഗുവ്വലചെരുവ് ഘട്ട് റോഡിന് സമീപം ഏപ്രില്‍ 29ന് അഴുകിയ നിലയില്‍ ഒരു വയോധികന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. റോഡിലൂടെ പോയ ഒരു ട്രക്കിന്റെ ഡ്രൈവറും ക്ലീനറമാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയിലെ ബെഡ്ഷീട്ടില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാഞ്ഞതിനാല്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ഇന്‍ക്വസ്റ്റ്-പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. കൊലപാതകമാണെന്ന് ആദ്യം സംശയിച്ചെങ്കിലും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രി ബെഡ് ഷീറ്റിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം 62കാരനായ ബൊമ്മ ചിന്ന പുല്ലാ റെഡ്ഡിയുടെതാണെന്ന് മനസിലായി.

ടിബി ബാധിതനായ അദ്ദേഹം കടപ്പയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സ തേടിയിരുന്നു. കടുത്ത രോഗാവസ്ഥയിലായിരുന്നതിനാല്‍ അന്ന് തന്നെ ഡിസ്ചാര്‍ജ്ജ് വാങ്ങി മകന്‍ അച്ഛനെയും കൂട്ടി ഒരു ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് മടങ്ങി. വരുന്നതിനിടെ അച്ഛന്‍ മരിച്ചു. അന്തിമകര്‍മ്മങ്ങള്‍ നടത്താന്‍ തന്റെ കയ്യില്‍ പണമില്ലെന്നും തന്നെ ഗുവ്വാലചെരുവിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിടണമെന്നും ഇയാള്‍ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു.

അച്ഛന്‍റെ മൃതദേഹവുമായി രാജശേഖര്‍ കടപ്പ-രായച്ചോട്ടി ഹൈവേയിലെ ഗുവ്വലച്ചെരുവ് ഘട്ട് റോഡിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കി. തുടര്‍ന്ന് മൃതദേഹം ചുമന്ന് കുന്നില്‍ പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഗ്രാമത്തിലെത്തി അച്ഛന്‍ മരിച്ചെന്നും ആശുപത്രിയില്‍ വച്ച്‌ അന്തിമകര്‍മ്മങ്ങള്‍ ചെയ്തെന്നും ഇയാള്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. എന്നാല്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നുമുള്ള വാര്‍ത്ത അറിഞ്ഞതോടെ രാജശേഖരന്‍ പോലീസ് സ്റ്റേഷനില്‍ പോയി തന്‍റെ അവസ്ഥ നേരിട്ട് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുതിര്‍ന്ന പൗരന്മാരുടെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും അവരെ പരിപാലിക്കാനും സംരക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ സെക്ഷന്‍ 5 പ്രകാരമാണ് രാജശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്.

Related News