വിദേശ സര്‍വകലാശാലകളില്‍നിന്ന് വിദ്യാഭ്യാസം നേടിയ അഭിഭാഷകരും ന്യായാധിപന്മാരും ഭാരതീയമായി തന്നെ ചിന്തിക്കണം: കിരണ്‍ റിജിജു

  • 04/05/2023

മുംബൈ: ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളില്‍നിന്ന് വിദ്യാഭ്യാസം നേടിയ അഭിഭാഷകരും ന്യായാധിപന്മാരും ഭാരതീയമായി തന്നെ ചിന്തിക്കണമെന്ന് നിയമമന്ത്രി കിരണ്‍ റിജിജു. വിദേശ വിദ്യാഭ്യാസം നേടിയവര്‍ ഇംഗ്ലീഷില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. അവര്‍ ചിന്തകളില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം "ഇന്ത്യന്‍" ആയിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.


ഇംഗ്ലീഷ് സംസാരിക്കുന്ന അഭിഭാഷകര്‍ക്ക് വിദേശ ചിന്ത ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ സര്‍വകലാശാലകളില്‍ നിന്ന് നല്ല അഭിഭാഷകനും ജഡ്ജിയുമാകാം. എന്നാല്‍ ഒരാളുടെ ചിന്തകള്‍ ഭാരതീയമായി നിലനിര്‍ത്തുകയും അതുവഴി വിനയാന്വിതനാകുകയും വേണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

പ്രാദേശിക ഭാഷകളില്‍ സംസാരിക്കുന്നവരെ അപേക്ഷിച്ച്‌ ഇംഗ്ലീഷ് സംസാരിക്കുന്ന അഭിഭാഷകര്‍ കൂടുതല്‍ ഫീസ് വാങ്ങുന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന അഭിഭാഷകനേക്കാള്‍ കഴിവ് കൂടുതല്‍ ഇന്ത്യന്‍ ഭാഷകളില്‍ സംസാരിക്കുന്ന അഭിഭാഷകര്‍ക്കുണ്ടാകുമെന്ന വസ്തുത അവഗണിക്കുന്നത് അനുചിതമാണെന്നും റിജിജു പറഞ്ഞു.

സുപ്രീംകോടതിയില്‍ ചില അഭിഭാഷകര്‍ നിയമപരിജ്ഞാനം പരിഗണിക്കാതെ ഇംഗ്ലീഷ് സംസാരിക്കുന്നതു കൊണ്ടു മാത്രം കൂടുതല്‍ പ്രതിഫലം വാങ്ങുന്നു. നല്ല ഇംഗ്ലീഷില്‍ സംസാരിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് ശരിയല്ല. മറാത്തി, ഹിന്ദി ഭാഷകളില്‍ നല്ല പ്രാവീണ്യമുള്ള അഭിഭാഷകരുണ്ട്. എന്നാല്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയാത്തതിനാല്‍ അവരുടെ ഫീസ് കുറവായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related News