45 കോടി ചെലവിട്ട് ഔദ്യോഗിക വസതി നവീകരിച്ചു; വീട് ജനങ്ങളെ തുറന്ന് കാണിക്കണമെന്ന് ബിജെപി

  • 04/05/2023

ദില്ലി: 45 കോടി ചെലവിട്ട് ഔദ്യോഗിക വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സമരം ശക്തമാക്കാന്‍ ബിജെപി. വീട് ജനങ്ങളെ തുറന്ന് കാണിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക വസതിക്ക് സമീപം ബിജെപിയുടെ പ്രതിഷേധം 5 ദിവസമായി തുടരുകയാണ്. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ ധൂര്‍ത്ത് ചൂണ്ടിക്കാണിച്ച്‌ ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് എഎപി.


ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിച്ചതിന്റെ കണക്കുകള്‍ വിവാദമായതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ബിജെപി സമരം തുടങ്ങിയത്. ആരോപണങ്ങളില്‍ കെജ്രിവാള്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരം മൂന്ന് ദിവസം പിന്നിട്ടു. വരും ദിവസങ്ങളില്‍ വിവാദ വസതിക്ക് മുന്നില്‍ വമ്ബന്‍ പ്രതിഷേധ റാലിയടക്കം സംഘടിപ്പിച്ച്‌ സമരം ശക്തമാക്കാനാണ് ബിജെപി തീരുമാനം.

സമീപത്തെ കെട്ടിടങ്ങളടക്കം വസതിയോട് ചേര്‍ത്ത് ഔദ്യോഗികവസതി കൊട്ടാരമാക്കി മാറ്റുകയാണ് കെജ്രിവാള്‍ ചെയ്തതെന്നാണ് ബിജെപി പ്രചാരണം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളടക്കം നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ ആഡംബര പദ്ദതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രതിരോധം തീര്‍ക്കുന്നത്. 2300 കോടി രൂപ ചെലവഴിച്ച്‌ പുരോഗമിക്കുന്ന സെന്‍ട്രല്‍ വിസത് പദ്ദതിയും 500 കോടി രൂപ ചെലവിട്ട് പ്രധാനമന്ത്രിക്ക് പുതിയ വസതി ഒരുക്കുന്നതും ധൂര്‍ത്ത് അല്ലേയെന്ന് എഎപി എംപി രാഘവ് ചദ്ദ ചോദിച്ചു. അതേസമയം ഇതുവരെ വിവാദത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിട്ടില്ല. ദില്ലി ലഫ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നവീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രേഖകള്‍ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് എഎപി നിലപാട്.

Related News