റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടര കോടി രൂപയും 100 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

  • 04/05/2023

കോയമ്ബത്തൂര്‍: തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടര കോടി രൂപയും 100 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ പൊന്നേരി സ്വദേശികളായ അരുണ്‍കുമാര്‍ (37), സുഹൃത്തുക്കളായ പ്രവീണ്‍ (32), സുരേന്ദര്‍ (25) എന്നിവരെയാണ് രാമനാഥപുരം പൊലീസ് അറസ്റ്റ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഉടമയുമായി സൗഹൃദം സ്ഥാപിച്ച്‌ മോഷണം ആസൂത്രണം ചെയ്ത മുഖ്യപ്രതി വര്‍ഷിനി (28), ഡ്രൈവര്‍ നവീന്‍ എന്നിവര്‍ ഒളിവിലാണ്.


മാര്‍ച്ച്‌ 20നു കോയമ്ബത്തൂര്‍ പുലിയകുളം ഗ്രീന്‍ഫീല്‍ഡ് കോളനിയില്‍ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു മോഷണം നടന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയാണ് രാജേശ്വരി. റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന വര്‍ഷിനി, അടുത്തിടെയാണ് രാജേശ്വരിയുമായി സൗഹൃദം സ്ഥാപിച്ചത്. അതിനിടെ തന്റെ സ്വത്തിനെ കുറിച്ചുള്ള രഹസ്യവിവരം രാജേശ്വരി വര്‍ഷിനിയുമായി പങ്കുവെച്ചിരുന്നു. ബിസിനസില്‍ സഹായിക്കാനെന്ന പേരില്‍ കൂടെച്ചേര്‍ന്ന വര്‍ഷിനി ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി മയക്കിക്കിടത്തി കവര്‍ച്ച നടത്തി കടന്നുകളയുകയായിരുന്നു. രാത്രി ഭക്ഷണം കൊണ്ടുവരാമെന്ന് മുന്‍കൂട്ടി ഫോണില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് വര്‍ഷിനി രാജേശ്വരിയുടെ വീട്ടില്‍ ഭക്ഷണവുമായി എത്തിയതെന്നും പൊലീസ് പറയുന്നു.

മയക്കംവിട്ടപ്പോള്‍ മോഷണ വിവരമറിഞ്ഞ രാജേശ്വരി ബന്ധുക്കളെ വിളിച്ചുവരുത്തി രാമനാഥപുരം പൊലീസില്‍ പരാതി നല്‍കി. രണ്ടരക്കോടി രൂപയും സ്വര്‍ണവും നഷ്ടപ്പെട്ടതായാണു പരാതി. ആണ്‍സുഹൃത്ത് അരുണ്‍ , ഡ്രൈവര്‍ നവീന്‍കുമാര്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു വര്‍ഷിനിയുടെ കവര്‍ച്ച. കേസില്‍ പിടിയിലായ മൂന്ന് പേരില്‍ നിന്ന് രണ്ടുലക്ഷം രൂപയും 31 പവന്‍ സ്വര്‍ണവും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന് പിന്നാലെ സേലത്തെ അരുണ്‍ കുമാറിന്റെ കൂട്ടുകാരനില്‍ നിന്ന് ആദായനികുതി വകുപ്പ് 31,20,500 രൂപ പിടിച്ചെടുത്തു.

Related News