മണിപ്പൂർ സംഘര്‍ഷം: മലയാളി വിദ്യാര്‍ത്ഥികളെ ദില്ലി വഴി നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങി

  • 05/05/2023

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ ദില്ലി വഴി നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങി. ദില്ലിയിലുള്ള കേരളത്തിന്റെ സ്പെഷല്‍ ഓഫീസര്‍ പ്രൊഫ കെവി തോമസാണ് ഇക്കാര്യം അറിയിച്ചത്. മണിപ്പൂരിലുള്ള ഒന്‍പത് മലയാളി വിദ്യാര്‍ഥികള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇവരില്‍ ചില മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.


മണിപ്പൂരിലെ സര്‍വകലാശാലകളിലും സംഘര്‍ഷം നടക്കുന്നുവെന്നാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരിക്കുന്നത്. മണിപ്പൂരില്‍ സംഘര്‍ഷം നടക്കുന്ന വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സര്‍വകലാശാലകളില്‍ സംഘര്‍ഷം നടക്കുന്നത്. സര്‍വകലാശാലകളിലെ പല ഡിപ്പാര്‍ട്ട്മെന്റുകളും അടിച്ചു തകര്‍ത്ത അക്രമികള്‍ വാഹനങ്ങള്‍ കത്തിച്ചുവെന്നും ഹോസ്റ്റലുകളിലും സംഘര്‍ഷമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

രാത്രി കാലത്ത് വെടിയൊച്ചയും സ്ഫോടനവും കേള്‍ക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാല്‍ സംഘര്‍ഷം തുടരുന്നതില്‍ വിദ്യാര്‍ത്ഥികളെല്ലാം ആശങ്കാകുലരാണ്. മെഡിക്കല്‍ കോളേജിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ദില്ലിയില്‍ ജന്തര്‍ മന്തറില്‍ മണിപ്പൂരിലെ മെയ്തേ വിഭാഗം പ്രതിഷേധിച്ചു. അനധികൃത കുട്ടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സേവ് മണിപ്പൂര്‍ എന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം നടക്കുന്നത്. 

Related News