കന്യകാത്വ പരിശോധന ആരോപണം: ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ ബാലവകാശ കമ്മീഷൻ

  • 06/05/2023

ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരം ദീക്ഷിതര്‍ കുടുംബത്തിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കി എന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ ആരോപണത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുള്ളത്.


ചിദംബരത്ത് ശൈശവ വിവാഹം വര്‍ധിക്കുന്നുവെന്ന തരത്തിലുള്ള പരാതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തമിഴ്നാട് സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്കൊടുവില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ശൈശവ വിവാഹത്തിന് നിര്‍ബന്ധിതരാണെന്ന് പറയപ്പെടുന്ന പെണ്‍കുട്ടികളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം ഇരുവിരല്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയനാക്കി എന്നാണ് ആരോപണം.

ഇരുവിരല്‍ കന്യകാത്വ പരിശോധന സുപ്രീം കോടതി നിരോധിച്ചിരുന്നു. പോലീസ് നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ആര്‍.എന്‍. രവി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്. കന്യകാത്വ പരിശോധനയ്ക്ക് ശേഷം, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും ആര്‍.എന്‍. രവി ആരോപിക്കുന്നുണ്ട്. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തെഴുതിയിരുന്നുവെങ്കിലും ഇതുസംബന്ധിച്ച്‌ സ്റ്റാലിന്‍ ഒരു നടപടിയും എടുത്തില്ലെന്നും അഭിമുഖത്തില്‍ ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്.

Related News