ഗുസ്തി താരങ്ങളുടെ പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക്, താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നിരവധി സംഘടനകൾ

  • 07/05/2023

ദില്ലി: ഗുസ്തി താരങ്ങളുടെ പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഹരിയാനയിലെയും ദില്ലിയിലെയും ഖാപ്പ് പഞ്ചായത്ത് അംഗങ്ങളും, കര്‍ഷക സംഘടനകളും ഇന്ന് ജന്തര്‍ മന്തറിലെത്തും. പരാതി നല്‍കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല. 


വൈകിട്ട് 7 മണിക്ക് ജന്തര്‍ മന്തറില്‍ മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് വിനേശ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ വ്യക്തമാക്കി. ദില്ലി പോലീസ് സുരക്ഷ കൂട്ടി.ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം അറിയിച്ച്‌ ഖാപ് പഞ്ചായത്ത് നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂട്ടിയത്. ദില്ലിയുടെ അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. ഉത്തര്‍പ്രദേശ് ഹരിയാന രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഖാപ് നേതാക്കളാണ് സമരവേദിയിലേക്ക് എത്തുന്നത്.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ നടപടികള്‍ തുടങ്ങിയെങ്കിലും ഏറെ കരുതലോടെയാകും ബിജെപിയുടെ നീക്കം. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ബ്രിജ് ഭൂഷണെ തൊടാന്‍ വൈകിയതിന്‍റെ കാരണവും മറ്റൊന്നല്ല. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവാദം പരമാവധി ആളിക്കത്തിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.

Related News