2024 റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുന്നതെല്ലാം സ്ത്രീകൾ

  • 07/05/2023

ന്യൂഡല്‍ഹി: 2024 റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ചു ചെയ്യുന്നത് മുതല്‍ നിശ്ചലദൃശ്യങ്ങളില്‍ വരെ സ്ത്രീകള്‍ മാത്രമായിരിക്കും. ഇത് സംബന്ധിച്ച്‌ പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സേനയിലും മറ്റു മേഖലകളിലും സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സാംസ്കാരിക നഗര വികസന മന്ത്രാലത്തെയും ഇതു സംബന്ധിച്ച്‌ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം പരേഡില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നത് സംബന്ധിച്ച കത്ത് ലഭിച്ചിട്ടുണ്ടെന്നും അതില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു.

2015ലാണ് ആദ്യമായി മൂന്നു സേനാ വിഭാഗങ്ങളില്‍ നിന്നുമുള്ള വനിത വിഭാഗം പരേഡില്‍ പങ്കെടുത്തത്. 2019ല്‍ ക്യാപ്റ്റന്‍ ശിഖ സുരഭി ഇന്ത്യന്‍ ആര്‍മിയുടെ ഡെയര്‍ഡെവില്‍സ് ടീമിന്റെ ഭാഗമായി ബൈക്ക് സ്റ്റന്‍ഡില്‍ പങ്കെടുത്തു. 2020ല്‍ ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്‍ കരസേനയുടെ സിഗ്നല്‍ കോര്‍ എന്ന പുരുഷ സംഘത്തെ നയിച്ചു. 2021ല്‍ ഫ്ലൈറ്റ് ലഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി. പെണ്‍ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ വര്‍ഷത്തെ കേരളത്തിന്റെ നിശ്ചല ദൃശ്യം.

Related News