എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: ഷഹീന്‍ ബാഗില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്

  • 11/05/2023

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ ബാഗില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തുന്നത്. റെയ്ഡിനെക്കുറിച്ച്‌ എന്‍ഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


ഏപ്രില്‍ രണ്ടിനാണ് കണ്ണൂരിലേക്കു പോയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ ഷാറൂഖ് സെയ്ഫി യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. സംഭവത്തില്‍ മൂന്നു പേര്‍ മരിച്ചു. ഏപ്രില്‍ മൂന്നിന് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം സെയ്ഫിയെ പിടികൂടിയത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധത്തില്‍ സെയ്ഫി പങ്കെടുത്തിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സെയ്ഫിക്കു തീവ്രവാദ ബന്ധമുണ്ടെന്നും ട്രെയിന്‍ തീവയ്പിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് എന്‍ഐഎ നിഗമനം.

Related News