അദാനി ഹിൻഡൻബർഗ് റിപ്പോർട്ട്: അന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് സെബി

  • 12/05/2023



ദില്ലി: അദാനി ഹിൻഡൻബർഗ് റിപ്പോർട്ട് ഹർജിയിൽ അന്വേഷണത്തിന് സമയം നീട്ടി വേണമെന്ന സെബിയുടെ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവിറക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെബിക്കും സുപ്രീം കോടതി നിയോഗിച്ച സമിതിക്കും മൂന്ന് മാസം കൂടി നൽകാമെന്ന് വാക്കാൽ പരാമർശിച്ച സുപ്രീം കോടതി ആറ് മാസം സമയം വേണമെന്ന ആവശ്യം നിലവിൽ അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ടിലെ അദാനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടാണ് സെബി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് ഇന്നുച്ചയക്ക് കേസ് പരിഗണിച്ചത്. ആരോപണങ്ങൾ അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ആറുമാസം കൂടി സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടത്.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി വിപണിയിൽ ഉണ്ടായ തകർച്ച ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ പഠിക്കുന്നതിനായി നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുദ്ര വെച്ച കവറിൽ സമർപ്പിച്ചതാണ് ഈ റിപ്പോർട്ട്.

Related News