ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡയ്ക്കെതിരെ അഴിമതി കുരുക്ക്, സിബിഐ കേസെടുത്തു

  • 12/05/2023

മുംബയ്: ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡയ്ക്കെതിരെ സിബിഐ കേസെടുത്തു. എന്‍സിബി മുംബൈ സോണ്‍ മുന്‍ മേധാവിയായിരുന്നു സമീ‌ര്‍ വാങ്കഡേയ്ക്കെതിരെ അഴിമതി കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


2021-ല്‍ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുടെ ഭാഗമായെന്നും ലഹരിമരുന്ന് കൈവശം വച്ചു എന്ന് ആരോപിച്ചുമാണ് ആര്യന്‍ ഖാനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. പ്രസ്തുത കേസ് കൈകാര്യം ചെയ്തിരുന്ന അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു സമീര്‍ വാങ്കഡേ. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ആര്യന്‍ ഖാനെ സുപ്രീം കോടതി ലഹരി മരുന്ന് കേസില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. ആര്യന്‍ ഖാന്‍ നാല് ആഴ്ചകളോളം ജയിലില്‍ കഴിഞ്ഞതിന് പിന്നാലെയായിരുന്നു സുപ്രീം കോടതി ഉത്തരവുണ്ടായത്.

ആര്യന്‍ ഖാന്റെ മോചനത്തിന് ശേഷം സമീര്‍ വാങ്കഡേയുടെ കീഴിലുള്ള അന്വേഷണ സംഘത്തിന് നേരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നടത്തിയ വീഴ്ചയുടെ പേരില്‍ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കേസന്വേഷണത്തിലെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനാലാണ് നടപടിയെന്ന് എന്‍സിബി മേധാവി അറിയിച്ചു. പിന്നാലെയാണ് സമീര്‍ വാങ്കഡേയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തിയതായാണ് വിവരം.

Related News