മദ്യപിച്ച് കാട്ടാനയ്ക്ക് മുമ്ബില്‍ കൈയുര്‍ത്തി പ്രകടനം, വ്യക്തിയെ അറസ്റ്റ് ചെയ്തു

  • 12/05/2023

കാട്ടാനയ്ക്ക് മുമ്ബില്‍ കൈയുര്‍ത്തി പ്രകടനം നടത്തിയ ആളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ധര്‍മ്മപുരി ജില്ലയിലെ ഹോഗനെക്കല്‍ വനമേഖലയില്‍ ഒരാള്‍ വണങ്ങിയും കൈകൂപ്പിയും വമ്ബന്‍ ഷോ നടത്തുന്നത് സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുണ്ടും ഷര്‍ട്ടുമുടുത്ത ഒരാള്‍ കാട്ടാനയ്ക്ക് സമീപം എത്തുന്നത് കാണാം.


സമീപമുള്ളവര്‍ കാട്ടാനയ്ക്ക് അരികിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ കേട്ടില്ല. ഇരുകൈകളും ഉയര്‍ത്തി പോസ് ചെയ്തും ഏറെ നേരം കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയും നിന്നു. ഒടുവില്‍ ആനയ്ക്ക് മുമ്ബില്‍ സാഷ്ടാംഗ പ്രണാമം നടത്തി പിന്തിരിയുന്നതും വീഡിയോയില്‍ കാണാം. ആദ്യമൊന്ന് പിന്‍വലിഞ്ഞ കാട്ടാന പിന്നീട് ആക്രമിക്കാനായി പാഞ്ഞടുക്കുന്നതും കാണാം.

തമിഴ്നാട് ഫോറസ്റ്റ് ആക്‌ട് ആന്‍ഡ് വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരം കെ.മുരുകേശന്‍ എന്നയാളാണ് അറസ്റ്റിലായത്. വനമേഖലയില്‍ അനധികൃത കടന്നുകയറ്റം ഉള്‍പ്പെടെ ആരോപിച്ച്‌ വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച്‌ പരാതി അധികൃതര്‍ക്ക് ലഭിക്കുന്നത്.

തുടര്‍ പരിശോധനയില്‍ ആള്‍ വിനോദസഞ്ചാരിയല്ലെന്ന് അധികൃതര്‍ക്ക് മനസിലായി. ഇയാള്‍ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. റോഡിന് ഇരുവശവും വനമേഖലയായതിനാല്‍ ആനകള്‍ക്ക് മാര്‍ഗതടസ്സമാകരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. നിരവധി ഐഎഫ്‌എസ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് വിവരം സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്.

Related News