കർണാടക ആർക്കൊപ്പമെന്ന് ഇന്നറിയാം; വോട്ടെണ്ണൽ ആരംഭിച്ചു

  • 13/05/2023

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ മിനിറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് മുന്നേറ്റമാണ് നടത്തുന്നത്. ബിജെപി 57 സീറ്റുകളിലും കോണ്‍ഗ്രസ് 54 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് 11 സീറ്റുകളിലും മുന്നേറ്റം നടത്തുന്നുണ്ട്. . 224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.


ഭരണം നേടാനാകും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും. എക്സിറ്റ് പോളുകളില്‍ നേരിയ മുന്നേറ്റം പ്രവചിച്ചത് കോണ്‍ ഗ്രസിനൊപ്പമായിരുന്നു. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന ഒന്‍പത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏഴെണ്ണം കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്.നാലു ഫലങ്ങള്‍ കോണ്‍ഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നല്‍കി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതില്‍ മൂന്നിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാല്‍, ജെഡിഎസ്സിന്റെ നിലപാട് നിര്‍ണായകമാകും.

Related News