രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം, പദയാത്ര തുടർന്ന് സച്ചിൻ പൈലറ്റ്

  • 14/05/2023

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിനെ തള്ളി രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്‌വിന്ദര്‍ സിങ് രണ്‍ധാവ. സച്ചിന്‍ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും സച്ചിന്‍ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സച്ചിന്‍ പൈലറ്റ് പറയുന്ന മുഴുവന്‍ കാര്യങ്ങളിലും ചര്‍ച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാന്റിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.


സംസ്ഥാനത്ത് പദയാത്ര നടത്താനാണ് സച്ചിന്‍ പൈലറ്റിന്റെ തീരുമാനം. രാജസ്ഥാന്‍ പിസിസി അധ്യക്ഷനും പാര്‍ട്ടി നേതൃത്വവും അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. സച്ചിന്റെ യാത്ര തെറ്റാണെന്നല്ല, മറിച്ച്‌ തെരഞ്ഞെടുത്ത സമയം തെറ്റാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ സച്ചിന്‍ പൈലറ്റിന്റെ യാത്ര ഉയര്‍ന്നുവന്നിരുന്നു. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട് സര്‍ക്കാരിന്റെ അഴിമതി ചര്‍ച്ച ചെയ്യണമെന്നാണ് സച്ചിന്റെ ആവശ്യം. എന്നാല്‍ ആ കാര്യം ചര്‍ച്ച ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

രാജസ്ഥാനില്‍ ഏറെ നാളായി തുടരുന്ന അശോക് ഗെഹ്ലോട്ട് - സച്ചിന്‍ പൈലറ്റ് തര്‍ക്കം പരിഹാരമില്ലാതെ നീളുകയാണ്. ഇതെങ്ങനെ തീര്‍ക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തതയില്ല. അതിനാല്‍ തന്നെ പ്രതിസന്ധി കൂടുതല്‍ കുഴഞ്ഞുമറിഞ്ഞ് പോവുകയുമാണ്. അതിനിടെ സച്ചിന്‍ പൈലറ്റിന്റെ സംസ്ഥാനത്തെ പദയാത്ര നാലാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. അശോക് ഗെഹ്ലോട്ടിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് സച്ചിന്‍ പൈലറ്റിന്റെ യാത്ര. നാളെ ജയ്പൂരിലാണ് അഴിമതിക്കെതിരായ യാത്ര അവസാനിക്കുക.

Related News