വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കൊന്ന് കുഴിച്ചുമൂടി, കാമുകനും സുഹൃത്തും പിടിയില്‍

  • 14/05/2023

ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം കൊലപ്പെടുത്തി, മൃതദേഹം കുഴിച്ചു മൂടിയ സംഭവത്തില്‍ കാമുകനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വിഗരവാണ്ടി ചിത്തേരിപ്പട്ട സ്വദേശി അഖിലന്‍ (23), സുരേഷ് കുമാര്‍ (22) എന്നിവരാണ് പിടിയിലായത്. 

സെഞ്ചി ചളവനൂരില്‍ ഒരു സംഘം തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിച്ചു. പ്ലസ് വണ്ണിന് പഠിക്കുന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്. തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ചെന്നൈയില്‍ ഒളിവില്‍ക്കഴിയുന്നതിനിടെയാണ് അഖിലന്‍ അറസ്റ്റിലായത്. കൊലപാതകം നടത്താന്‍ തന്നെ സഹായിച്ച സുരേഷ് കുമാറിനെക്കുറിച്ച് പോലീസിനെ അറിയിച്ചത് അഖിലനാണ്. വിഴുപുരം കാപ്പൂരിലെ ബന്ധുവീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നതെന്നും ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചെന്നും ഇതിനാലാണ് കൊലപ്പെടുത്തിയതെന്നും അഖിലന്‍ പോലീസില്‍ മൊഴി നല്‍കി.

Related News