കർണാടകയിൽ സർക്കാർ വ്യാഴാഴ്ച അധികാരത്തിലെത്തുമെന്ന് സൂചന, മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമാക്കാതെ പാർട്ടി

  • 14/05/2023

ബംഗ്ലൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച്‌ തീരുമാനമായതായി സൂചന. കോണ്‍ഗ്രസ് സര്‍ക്കാ‍ര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. സസ്പെന്‍സുകള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. എംഎല്‍സി ആയി നാമനിര്‍ദ്ദേശം ചെയ്ത്‌ മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ്‌ ഷെട്ടറിന് മികച്ച പരിഗണന നല്‍കണമെന്ന് ചര്‍ച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.


സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരു പോലെ വിജയിച്ച്‌ കയറി, ചരടുവലികള്‍ നടത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരാകണമെന്നതില്‍ എംഎല്‍എമാരുടെ അഭിപ്രായമാരായും. എംഎല്‍എമാരുമായി ച‍ര്‍ച്ച നടത്തിയ ശേഷം പ്രത്യേക നിരീക്ഷകര്‍ എഐസിസി അധ്യക്ഷന് നാളെ റിപ്പോര്‍ട്ട്‌ നല്‍കും. സംസ്ഥാനത്തെ സാഹചര്യവും എംഎല്‍എമാരുടെ താത്പര്യവും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കുക.

ഇത് ലഭിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗ്ഗെ സോണിയയെയും രാഹുലിനെയും കണ്ട്‌ ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ കര്‍ണ്ണാാടക നേതാക്കളെ ദില്ലിക്ക്‌ വിളിപ്പിക്കും. രണ്ട്‌ ദിവസത്തിനകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച മുഖ്യമന്ത്രി ആരെന്നതില്‍ പ്രഖ്യാപനം നടത്താനാണ് തീരുമാനം. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയില്‍ സോണിയയും രാഹുലും പങ്കെടുത്തേക്കും. പ്രതിപക്ഷ കക്ഷിനേതാക്കളെയും സ്റ്റാലിന്‍ അടക്കമുള്ള നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.

Related News