ഗുസ്തി താരങ്ങളുടെ സമരം: പിന്തുണ തേടി ബി ജെ പി വനിത എംപിമാര്‍ക്ക് കത്തയക്കാൻ തീരുമാനം

  • 14/05/2023

ദില്ലി: ദില്ലിയിലെ ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ഇരുപത് ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണ തേടി ബി ജെ പി വനിത എംപിമാര്‍ക്ക് കത്തയക്കും എന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം ഉയര്‍ത്തുന്ന ബി ജെ പിയുടെ ഒരു വനിത നേതാവ് പോലും ഞങ്ങളെ വിളിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.


പിന്തുണക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് 16 ന് ഓഫീസിന് സമീപം പ്രതിഷേധിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി ഉള്‍പ്പെടെ ഉള്ള ബിജെപി വനിത എംപിമാര്‍ക്ക് കത്തയയ്ക്കുമെന്നും താരങ്ങള്‍ പറഞ്ഞു.

അതേ സമയം ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു. താരങ്ങള്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബ്രിജ് ഭൂഷന്‍ തള്ളി. മൊഴിയെടുക്കലിന്റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. കറുത്ത ബാഡ്ജ് ധരിച്ച്‌ ഗുസ്തി താരങ്ങള്‍ കരിദിനം ആചരിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച്‌ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാന്‍ താരങ്ങള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

Related News