കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിന് നൽകണം; ആവശ്യവുമായി സുന്നി വഖഫ് ബോര്‍ഡ്

  • 15/05/2023

ബെംഗളൂരു: കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തില്‍ നിന്നുള്ളയാള്‍ക്ക് നല്‍കണമെന്ന് സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. ആഭ്യന്തരം, റവന്യൂ, ആരോഗ്യം, തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുസ്ലീം മന്ത്രിമാര്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


ഉപമുഖ്യമന്ത്രി മുസ്ലീം ആയിരിക്കണമെന്നും 30 സീറ്റുകള്‍ ഞങ്ങള്‍ക്ക് തരണമെന്നും തെരഞ്ഞെടുപ്പിന് മുമ്ബ് ഞങ്ങള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് 15 സീറ്റാണ് ലഭിച്ചത്. ഇതില്‍ ഒമ്ബത് മുസ്ലീം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 72 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് മുസ്ലീങ്ങള്‍ കാരണമാണ്. ഒരു സമുദായമെന്ന നിലയില്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് ഒരുപാട് ഉപകാരം ചെയ്തു. പകരം എന്തെങ്കിലും ലഭിക്കാനുള്ള അവസരമാണ്.

ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളും മുസ്ലീങ്ങളെ ഏല്‍പ്പിക്കണമെന്നും കോണ്‍ഗ്രസ് നന്ദി കാണിക്കണമെന്നും വഖഫ് ബോര്‍ഡ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനം ഉറപ്പാക്കാന്‍ സുന്നി ഉലമ ബോര്‍ഡ് ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നുവെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി പറഞ്ഞു.

ഒമ്ബത് മുസ്ലിം എംഎല്‍എമാരില്‍ ആര്‍ക്കൊക്കെ പദവികള്‍ ലഭിക്കുന്നതെന്നത് അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന പരിചയം നോക്കി കോണ്‍ഗ്രസാണ് അക്കാര്യം തീരുമാനിക്കേണ്ടത്. പല മുസ്ലീം സ്ഥാനാര്‍ത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങളിലും പ്രചാരണം നടത്തി ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ വിജയത്തില്‍ അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്. മുസ്ലീം സമുദായത്തില്‍ നിന്ന് അനുയോജ്യമായ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കണമെന്നും അത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News