ഭൂരിപക്ഷം എം എൽ എമാർ പിന്തുണച്ചു; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും

  • 15/05/2023

ബംഗ്ലൂരു : എംഎല്‍എമാരില്‍ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും. കേന്ദ്ര നിരീക്ഷകര്‍ക്കു മുന്നിലും കര്‍ണാടകയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.

ഇന്ന് തന്നെ ദില്ലിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. ഡികെയെയും സിദ്ധരാമയ്യയെയും ദില്ലിയിലേക്ക് വിളിപ്പിച്ചെങ്കിലും ശിവകുമാര്‍ യാത്രയ്ക്ക് തയാറായില്ല.

വീണ്ടുമൊരിക്കല്‍ കൂടി കര്‍ണാടക മുഖ്യമന്ത്രിയാകാനുള്ള വഴി സിദ്ധരാമയ്യയ്ക്ക് മുന്നില്‍ തെളിയുകയാണ്. ബംഗളൂരുവില്‍ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എംഎല്‍എമാരെ ഓരോരുത്തരെയും കണ്ട് എഐസിസി നിരീക്ഷകര്‍ അഭിപ്രായം തേടി. പുലര്‍ച്ചെ രണ്ടരവരെ നീണ്ട നടപടിക്കൊടുവില്‍ സിദ്ധരാമയ്യ്ക്കൊപ്പമെന്ന് ഭൂരിഭാഗവും നിലപാടെടുത്തു.

ഈ റിപ്പോര്‍ട്ടുമായാണ് നിരീക്ഷകരും കെസി വേണുഗോപാല്‍ അടക്കമുള്ള എഐസിസി പ്രതിനിധികളും ദില്ലിയിക്ക് മടങ്ങിയത്. ഇന്ന് തന്നെ ദില്ലിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കില്‍ ബുധനാഴ്ച സത്യപ്രതിഞ്ജയുണ്ടാവും.

Related News