മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത നീക്കം നടത്തില്ല: ഡി കെ ശിവകുമാർ

  • 15/05/2023

ബെംഗളൂരു: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത നീക്കം നടത്തില്ലെന്ന് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. തന്നെ കര്‍ണാടക സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. കര്‍ണാടകത്തില്‍ അധികാരം പിടിച്ച്‌ തന്നെ എല്‍പ്പിച്ച കടമ നിറവേറ്റി. പാര്‍ട്ടിയുടെ ഏത് തീരുമാനവും താന്‍ അംഗീകരിക്കും. എംഎല്‍എമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാന്‍ ഡികെ ശിവകുമാറിനെ ദില്ലിക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം പോയില്ല. വയറില്‍ അണുബാധയെന്ന് കാരണം പറഞ്ഞാണ് അദ്ദേഹം പിന്മാറിയത്. സംസ്ഥാനത്ത് തന്‍റേതായി എംഎല്‍എമാരില്ലെന്നും എല്ലാം കോണ്‍ഗ്രസിന്‍റെ എം എല്‍ എമാരാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് 135 എം എല്‍ എ മാരുണ്ട്. മുഖ്യമന്ത്രി തീരുമാനം സംബന്ധിച്ച എല്ലാം ഹൈക്കമാന്‍ഡിന് വിട്ടെന്നും ഡി കെ വിശദീകരിച്ചിരുന്നു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വെറും നടപടിക്രമങ്ങള്‍ മാത്രമാണെന്നും താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. എതിര്‍പ്പുള്ളവരും ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് ദില്ലിയിലേക്ക് പോകുന്നില്ലെന്ന് ഡികെ ശിവകുമാര്‍ തീരുമാനിച്ചത്. സിദ്ധരാമയ്യയുടെ അഭിമുഖമാണ് യാത്ര റദ്ദാക്കാന്‍ കാരണമെന്ന് ഇതിനിടെ വാദമുയര്‍ന്നിരുന്നു. അതേസമയം ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. ഉപ മുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട വകുപ്പുകളും ഡികെക്ക് നല്‍കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ആലോചന.

Related News