കർണാടകയിൽ തീരുമാനം ഇഴയുന്നു; ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരും

  • 16/05/2023

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ സിദ്ധരാമയ്യയെ ആദ്യ രണ്ടു വര്‍ഷം മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരും.ഇന്ന് സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ചകളുണ്ടാകും.ഇതോടെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ.


ആദ്യ രണ്ട് വര്‍ഷം ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകളും ഉപമുഖ്യമന്ത്രി പദവും അടുത്ത മൂന്ന് വര്‍ഷം മുഖ്യമന്ത്രി പദവുമാണ് ശിവകുമാറിനുള്ള ഹൈക്കമാന്‍ഡ് വാഗ്ദാനം. മുതിര്‍ന്ന നേതാക്കളായ എം.ബി. പാട്ടീല്‍, ജി. പരമേശ്വര എന്നിവരെ ഒഴിവാക്കി ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്‌ദാനവും ഉണ്ടെന്ന് അറിയുന്നു.ഇത് സമ്മതിപ്പിച്ച്‌ തീരുമാനങ്ങള്‍ ബംഗളുരുവില്‍ പ്രഖ്യാപിക്കാനാണ് നീക്കം.

2024ലെ ലോക‌്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ സിദ്ധരാമയ്യയുടെ ക്ളീന്‍ ഇമേജ് പാര്‍ട്ടിക്ക് ആവശ്യമാണെന്നും അഴിമതി ആരോപണം നേരിടുന്നതിനാല്‍ മാറി നില്‍ക്കണമെന്നുമുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തോട് ശിവകുമാര്‍ പ്രതികരിച്ചിട്ടില്ല. സിദ്ധരാമയ്യയ്‌ക്ക് 85 എം.എല്‍.എമാരുടെ പിന്തുണയുള്ളതും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടി.

കര്‍ണാടകയിലെ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഡി.കെ. ശിവകുമാര്‍ ആദ്യ ടേമിലെ മുഖ്യമന്ത്രി പദം ആവശ്യപ്പെടുന്നതാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ മാരത്തോണ്‍ ചര്‍ച്ചകളില്‍ അഴിയാക്കുരുക്കായത്.

Related News