അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്, തീരുമാനമാകുമ്ബോള്‍ അധ്യക്ഷന്‍ പ്രഖ്യാപിക്കും: രണ്‍ദീപ് സിങ് സുര്‍ജെവാല

  • 17/05/2023

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്ബോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല. ഇപ്പോള്‍ പ്രചരിക്കുന്ന തിയ്യതികളില്‍ അടക്കം സത്യമില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രിയെക്കുറിച്ച്‌ പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തും. ബിജെപി അജണ്ടയില്‍ വീഴരുതെന്നും സുര്‍ജെവാല പറഞ്ഞു.


72 മണിക്കൂറിനകം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പൂര്‍ത്തിയാക്കും. ആദ്യ ക്യാബിനറ്റ് യോഗത്തില്‍ 5 വാഗ്ദാനങ്ങളും നടപ്പാക്കും. വ്യാജ വാര്‍ത്തകള്‍ ആണ് ചില ചാനലുകള്‍ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സുര്‍ജെവാല പറഞ്ഞു.

സിദ്ധാരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നേരത്തെ പുറത്തുവന്നിരുന്നു. സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30 ന് നടക്കും. ഇതിനായി ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായുമാണ് വ്യക്തമാകുന്നത്. ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. പാര്‍ട്ടി തീരുമാനത്തില്‍ കടുത്ത അതൃപ്തിയിലാണ് കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍.

സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച്‌ നില്‍ക്കുകയാണ്. ശിവകുമാറിനെ അനുനയിപ്പിക്കാന്‍ സോണിയയും രാഹുലും ചര്‍ച്ച നടത്തും. അതേ സമയം സിദ്ധരാമയയ്യുടെ ബെംഗളുരുവിലെ വീടിന് മുന്നില്‍ അനുകൂലികള്‍ അഹ്ലാദ പ്രകടനം തുടങ്ങി. സിദ്ധയുടെ വീടിന് പൊലീസ് സംരക്ഷണം കൂട്ടി.

Related News