എസ്‌എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളിക്ക് ആശ്വാസം, ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

  • 18/05/2023

ദില്ലി: എസ്‌എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളിക്ക് ആശ്വാസം. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീല്‍ നല്‍കിയത് .എതിര്‍കക്ഷികള്‍ക്ക് നോട്ടീസക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.എസ് എന്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി.


വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനില്‍ക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.കേസില്‍ വെള്ളാപ്പള്ളിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി, ജി.നാഗമുത്തു, അഭിഭാഷകന്‍ റോയി എബ്രഹാം എന്നിവര്‍ ഹാജരായി.കേസിലെ എതിര്‍കക്ഷിക്കായി അഭിഭാഷകന്‍ ജി.പ്രകാശ് ഹാജരായി

1998ല്‍ കൊല്ലം എസ് എന്‍ കോളേജിലെ സുവര്‍ണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.1 കോടി രൂപ പിരിച്ചെടുത്തതില്‍ 55ലക്ഷം രൂപ പൊതുജനപങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എന്‍ ട്രസ്റ്റിലേക്ക് മാറ്റിയതില്‍ ക്രമക്കേട് ആരോപിച്ചാണ് പരാതി.കമ്മിറ്റിയുടെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എന്‍ഡി പി കൊല്ലംജില്ല വൈസ് പ്രസിഡന്‍റും,ട്രസ്റ്റിന്‍റെ ബോര്‍ഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.

കൊല്ലം സിജെഎം കോടതി അന്വേഷണത്തിന് രണ്ട് തവണ ഉത്തരവിട്ടെങ്കിലും വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ 2014ലാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ആറ് വര്‍ഷത്തിന് ശേഷം 2020ല്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കൊല്ലം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

Related News