കർണാടക മന്ത്രിസഭയിലെ അംഗങ്ങൾ ആരെല്ലാമെന്ന് ഇന്നറിയാം, ഡൽഹിയിൽ കൂടിയാലോചന

  • 18/05/2023

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതിന് പിന്നാലെ മന്ത്രിസഭയില്‍ ആരെയൊക്കെ എടുക്കണണമെന്നത് സംബന്ധിച്ച്‌ ഡല്‍ഹിയില്‍ കൂടിയാലോചനകള്‍. ഇതിന്റെ ഭാഗമായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തും. നാളെയാണ് സത്യപ്രതിജ്ഞ. ഇന്ന് ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ചാകും അന്തിമ തീരുമാനം.


നിരവധി പേര്‍ മന്ത്രി സ്ഥാനത്തിന് അവകാശവുമായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. പരമാവധി 34 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുക. ലിംഗായത്ത്, ദളിത്, മുസ്ലീം വിഭാഗങ്ങളില്‍ നിന്നു ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വലിയ സമ്മര്‍ദ്ദമുണ്ട്. സാമുദായിക സമവാക്യങ്ങള്‍ പാലിക്കുക എന്നതും പ്രധാന വകുപ്പുകള്‍ വിഭജിക്കുന്നതും നേതൃത്വത്തിനു വെല്ലുവിളികളാണ്.

ഇന്നലെ വൈകീട്ട് ബംഗളൂരുവില്‍ നടന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുത്തു. നാളെ 12.30നാണ് സത്യപ്രതിജ്ഞ. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച്‌ സിദ്ധരാമയ്യയും ഡികെ ശിവകുമാറും രാജ്ഭവനിലെത്തി ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്‌ലോട്ടിനെ കണ്ടു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും മറ്റു മന്ത്രിമാരോടൊപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച്‌ ഗവര്‍ണര്‍ കത്തു നല്‍കി.

Related News