ആധുനിക ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യ സംഭാവനകള്‍ നല്‍കിയത് നാലു ഗുജറാത്തികള്‍; മോദിയെ പുകഴ്ത്തി അമിത് ഷാ

  • 19/05/2023

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യ സംഭാവനകള്‍ നല്‍കിയത് നാലു ഗുജറാത്തികള്‍ ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൊറാര്‍ജി ദേശായി, നരേന്ദ്രമോദി എന്നിവരാണ് ആ നാലു ഗുജറാത്തികള്‍. ലോകമാകെ ഇന്ത്യയുടെ യശസ്സ് വ്യാപിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നും അമിത് ഷാ പറഞ്ഞു.


ശ്രീ ഡല്‍ഹി ഗുജറാത്തി സമാജിന്റെ 125-ാം വാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മഹാത്മാ ഗാന്ധിയുടെ ശ്രമഫലമായാണ്. എന്നാല്‍ ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിര്‍ത്തിയത് സര്‍ദാര്‍ പട്ടേലിന്റെ ഇടപെടലുകളാണ്.

ഇന്ത്യയില്‍ ജനാധിപത്യം പുനരുജ്ജീവിപ്പിച്ചത് മൊറാര്‍ജി ദേശായിയാണ്. എന്നാലിപ്പോള്‍ ലോകമാകെ ഇന്ത്യയുടെ പ്രശസ്തി പടര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ് ഈ നാലു ഗുജറാത്തികളും. രാജ്യം അവരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Related News