മുംബൈ നഗരത്തിലെ റെയില്‍ ഗതാഗതത്തിന്റെ ഭാഗമാകാന്‍ വന്ദേ ഭാരത് മെട്രോ ട്രെയിനുകളും

  • 21/05/2023

മുംബൈ: മുംബൈ നഗരത്തിലെ റെയില്‍ ഗതാഗതത്തിന്റെ ഭാഗമാകാന്‍ വന്ദേ ഭാരത് മെട്രോ ട്രെയിനുകളും. നഗരത്തിലേക്ക് 238 വന്ദേ ഭാരത് മെട്രോ ട്രെയിനുകള്‍ വാങ്ങുന്നതിനായുള്ള അംഗീകാരം റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച നല്‍കി. മുംബൈ സബര്‍ബന്‍ റെയില്‍ ശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി. റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും നേതൃത്വം നല്‍കുന്ന നഗര ഗതാഗത പദ്ധതികളായ എം.യു.ടി.പി 3, എം.യു.ടി.പി 3A എന്നിവയ്ക്ക് കീഴിലായിരിക്കും റെയ്ക്കുകള്‍ വാങ്ങുന്നത്.


മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ട്രെയിനുകളുടെ നിര്‍മാണമെന്ന് മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍(എം.ആര്‍.വി.സി.) വക്താവ് അറിയിച്ചു. തുടര്‍ന്ന് നീണ്ട 35 വര്‍ക്കാലം ട്രെയിനുകളുടെ അറ്റകുറ്റപ്പണിയടക്കമുള്ള കാര്യങ്ങള്‍ എം.ആര്‍.വി.സി.യുടെ ചുമതലയായിരിക്കും. ഇതിനായി രണ്ട് ഡിപ്പോകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹ്രസ്വദൂരയാത്രകള്‍ക്കുള്ള ആവശ്യത്തിനാണ് വന്ദേ ഭാരത് മെട്രോ ട്രെയിനുകള്‍ നിര്‍മിക്കുന്നതെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. 100 കിലോമീറ്ററിനുള്ളിലായിരിക്കും ട്രെയിനുകളുടെ പ്രവര്‍ത്തനം.

Related News