ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം; കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി അരവിന്ദ് കെജ്രിവാള്‍

  • 21/05/2023

ദില്ലി: ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ പുതിയ ഓര്‍ഡിനന്‍സിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി അരവിന്ദ് കെജ്രിവാള്‍. ബിഹാ‍ര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അരവിന്ദ് കെജ്രിവാളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ സഖ്യ ചര്‍ച്ചകളുടെ കൂടി ഭാഗമായാണ് കൂടികാഴ്ചയെന്നാണ് സൂചന.


ച‍ര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. ഓര്‍ഡിനനന് ഇറക്കിയ കേന്ദ്ര നടപടി വിചിത്രമെന്ന് നിതീഷ് കുമാ‍ര്‍ പ്രതികരിച്ചു. കെജ്രിവാളിനൊപ്പമെന്ന് നിതീഷ് കുമാ‍ര്‍ പറഞ്ഞു. ബിജെപി ഇതര സര്‍ക്കാറുകളെ കേന്ദ്രം ഉപദ്രവിക്കുന്നുവെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും പ്രതികരിച്ചു. ബിജെപി ഇനി എന്തൊക്കെ ചെയ്താലും ദില്ലിയില് അധികാരത്തില് വരില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഐക്യം ചര്‍ച്ചചയായെന്നും വിവിധ പ്രതിപക്ഷ നേതാക്കളെ നേരില്‍ ചെന്ന് കണ്ട് ഓര്‍ഡിനെന്‍സി‌നെതിരെ പിന്തുണ ഉറപ്പാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മറ്റന്നാള്‍ മമതയുമായി കൂടികാഴ്ച നടത്തും. ബില്‍ രാജ്യസഭ കടന്നില്ലെങ്കില്‍ 2024 ല്‍ ബിജെപി സര്‍ക്കാര്‍ വീഴുമെന്ന സന്ദേശമാകും. ബിജെപി ഇതര സര്‍ക്കാരുകളെല്ലാം ഒന്നിക്കണം എന്നും ഇത് 2024 ന് മുന്നോടിയായുള്ള സെമി ഫൈനലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Related News