തമിഴ്നാട് മദ്യം കഴിച്ച രണ്ടുപേര്‍ മരിച്ച സംഭവം: മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നത്, കേസിൽ വഴിതിരിവ്

  • 22/05/2023

ചെന്നൈ : തമിഴ്നാട് തഞ്ചാവൂരിലെ ടാസ്മാക് മദ്യശാലയില്‍ നിന്ന് മദ്യം കഴിച്ച രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. രണ്ട് പേരുടേയും മരണത്തിന് കാരണമായത് സയനൈഡ് ശരീരത്തില്‍ കലര്‍ന്നതാണെന്ന് കണ്ടെത്തി. മരിച്ച രണ്ട് പേരുടേയും ശരീരത്തില്‍ മെഥനോളിന്‍റെ അംശം കണ്ടെത്തിയില്ല. രണ്ട് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബാര്‍ നടത്തിപ്പുകാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


തഞ്ചാവൂരിലെ ടാസ്മാക് മദ്യവില്‍പ്പനശാലയോട് ചേര്‍ന്ന ബാറില്‍ നിന്ന് ഇന്നലെ രാവിലെ പത്തരയോടെ മദ്യം വാങ്ങിക്കഴിച്ച കുപ്പുസ്വാമി, വിവേക് എന്നിവരാണ് മരിച്ചത്. ബാറില്‍വച്ച്‌ തന്നെ മദ്യപിച്ച്‌ അല്‍പസമയത്തിനകം കുപ്പുസ്വാമി ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മദ്യശാലയോട് ചേര്‍ന്ന മാര്‍ക്കറ്റ് പരിസരത്തുവച്ച്‌ മദ്യപിച്ച വിവേകിനെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ മരിച്ചു. കഴിഞ്ഞയാഴ്ച തമിഴ്നാട് വിഴിപ്പുരത്തും ചെങ്കല്‍പ്പേട്ടിലും വിഷമദ്യം കഴിച്ച്‌ 22 പേര്‍ മരിച്ചിരുന്നു. സമാന സാഹചര്യത്തില്‍ വിഷമദ്യമുള്ളിച്ചെന്നാണ് മരണമെന്നായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ സയനൈഡ് ഉള്ളില്‍ച്ചെന്നാണ് ഇരുവരുടേയും മരണമെന്ന വിവരമാണ് ഇന്ന് പുറത്തുവന്നത്. ഇരുവരുടേയും ശരീരത്തില്‍ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തി. എന്നാല്‍ ബാറില്‍ നിന്നും ശേഖരിച്ച സാമ്ബിളുകളില്‍ നിന്ന് മെഥനോള്‍ കണ്ടെത്തിയതുമില്ല. മരിച്ചവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായും പൊലീസിന് കണ്ടെത്താനായില്ല. ഏതായാലും കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബാര്‍ നടത്തിപ്പുകാരായ പളനിവേല്‍, ശരവണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഉച്ചയ്ക്ക് 12 മുതല്‍ രാത്രി പത്തു മണിവരെയാണ് തമിഴ് നാട്ടില്‍ ബാറുകള്‍ക്കും മദ്യവില്‍പന ശാലകള്‍ക്കുമുള്ള പ്രവര്‍ത്തന സമയം. സര്‍ക്കാര്‍ വില്‍പന ശാലയോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഈ ബാര്‍, 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ സമയപരിധി ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ കണ്ടെത്താൻ ഇന്ന് തമിഴ്നാട്ടിലാകെ പരിശോധന നടന്നു. ഇതിനിടെ വിഷമദ്യ ദുരന്തങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ഇന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ.രവിയെ കണ്ടു.

Related News