മലയാളിയായ യു ടി ഖാദര്‍ കര്‍ണാടക സ്പീക്കര്‍ ആവും; നാളെ തെരഞ്ഞെടുപ്പ്

  • 23/05/2023

ബംഗളൂരു: മലയാളിയായ യു ടി ഖാദര്‍ കര്‍ണാടക സ്പീക്കര്‍ ആവും. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഖാദറെ സ്ഥാനാര്‍ഥിയാക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് തെരഞ്ഞെടുപ്പ്. നേരെത്തെ ടി ബി ജയചന്ദ്ര, എച്ച്‌ കെ പാട്ടീല്‍ എന്നിവരെയാണ് പാര്‍ട്ടി പരിഗണിച്ചിരുന്നത്.


ഇന്നലെ വൈകീട്ട് കെ സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജവാലയും, ഖാദറുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം.മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനാര്‍ഥിയെ പിന്തുണച്ച്‌ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടും.മംഗളുരു മണ്ഡലത്തില്‍ നിന്ന് അഞ്ചാം തവണ ജയിച്ച ഖാദര്‍ നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു.കഴിഞ്ഞ സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്

രണ്ടാം സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ ആദ്യനിയമസഭാ സമ്മേളനത്തില്‍ ഇന്നലെ 223 എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോ തെം സ്പീക്കറായ ആര്‍ വി ദേശ്പാണ്ഡേ ആണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാമത് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഈ ആഴ്ച തന്നെ മന്ത്രിസഭാ വികസനം നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനിടെ, ചിത്രദുര്‍ഗയില്‍ സിദ്ധരാമയ്യയെ വിമര്‍ശിച്ച്‌ പോസ്റ്റിട്ടതിന് സര്‍ക്കാ‍ര്‍ സ്കൂളിലെ അധ്യാപകനായ ശാന്തമൂര്‍ത്തിയെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തു. അഞ്ച് വാഗ്ദാനങ്ങള്‍ നല്‍കി അത് നടപ്പാക്കാതെ ജനങ്ങളെ പറ്റിച്ചുവെന്നാണ് അധ്യാപകൻ പോസ്റ്റിട്ടത്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വിദ്യാ‌ഭ്യാസവകുപ്പ് ചൂണ്ടിക്കാട്ടി.

Related News