മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യമാണ് പാർലമെന്റ് മന്ദിരം, പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് അമിത് ഷാ

  • 24/05/2023

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യമാണ് ഈ മന്ദിരമെന്നും അമിത് ഷാ പറഞ്ഞു. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം രാഷട്രപതിയെ അവഗണിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച്‌ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുയും പ്രതികരിക്കുകയും ചെയ്താലും പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തെ രാഷ്ട്രീയവത്കരിക്കാൻ തങ്ങളില്ലെന്ന് അമിത് ഷാ പ്രതിപക്ഷ നീക്കം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കി.


ചരിത്രപരമായ ചെങ്കോല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ചെങ്കോല്‍, അധികാര കൈമാറ്റത്തിന്റെ ഭാഗമായി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ബ്രിട്ടീഷുകാരില്‍ നിന്ന് ലഭിച്ചതാണ്. 'സെങ്കോല്‍' എന്ന് വിളിക്കുന്ന ഇതിനെ തമിഴിലെ അര്‍ത്ഥം 'നിറഞ്ഞ സമ്ബത്ത്' എന്നാണെന്നും അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ സീറ്റിന് സമീപമാകും ഇത് സ്ഥാപിക്കുക.

'നവ ഇന്ത്യ കെട്ടിപ്പെടുക്കുന്നതില്‍ നമ്മുടെ സാംസ്കാരിക പൈതൃകത്തെയും പാരമ്ബര്യത്തെയും നാഗരികതയെയും ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള മനോഹരമായ ശ്രമമാണിത്. റെക്കോര്‍ഡ് സമയത്തിലുള്ള ഇതിന്റെ നിര്‍മാണത്തില്‍ 60,000 ത്തോളം തൊഴിലാളികളുടെ ശ്രമങ്ങളുണ്ട്' അമിത് ഷാ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ പ്രധാനമന്ത്രി നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്ന്, നമ്മുടെ ചരിത്ര പാരമ്ബര്യങ്ങളെ ബഹുമാനിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അമൃത് മഹോത്സവ വേളയില്‍ തന്നെ പുതിയ പാര്‍ലമെന്റ് കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News