വിദ്വേഷ പ്രസംഗക്കേസില്‍ അസംഖാൻ കുറ്റക്കാരനല്ലെന്ന് യുപി കോടതി

  • 24/05/2023

ലഖ്നൗ: വിദ്വേഷ പ്രസംഗക്കേസില്‍ അസംഖാൻ കുറ്റക്കാരനല്ലെന്ന് യുപി കോടതി. രാംപൂര്‍ കോടതിയുടേതാണ് വിധി. നേരത്തെ ഈ കേസില്‍ അസംഖാനെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. പിന്നാലെ എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍ വിചാരക്കോടതിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗിക്ക് എതിരായ പ്രസംഗമാണ് കേസിന് ആധാരം.


പ്രധാനമന്ത്രി മോദിക്കെതിരേയും യോഗിക്കെതിരേയും നടത്തിയ പ്രസംഗമാണ് വിദ്വേഷ പ്രസംഗ കേസായി പിന്നീട് മാറിയത്. ഈ കേസുമായി ബന്ധപ്പെട്ട് കോടതി മൂന്നുവര്‍ഷത്തിന് ശിക്ഷിച്ചിരുന്നു. ഇതിന് പിറകെ എംഎല്‍എ സ്ഥാനം നഷ്ടമാവുകയായിരുന്നു. മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും നടന്നു. തുടര്‍ന്ന് അസംഖാൻ നല്‍കിയ അപ്പീലില്‍ മേല്‍ക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. കേസില്‍ അസംഖാൻ നിരപരാധിയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, അസംഖാന്റെ അടുത്ത നടപടി എന്താണെന്ന് വ്യക്തമല്ല. നിലവില്‍ 87 കേസുകളാണ് അസംഖാനെതിരെയുള്ളത്.

നേരത്തേയും അസംഖാൻ വിവാദപരാമര്‍ശങ്ങളില്‍ പെട്ടിരുന്നു. ബിജെപി എംപി രമാദേവിയെക്കുറിച്ചുള്ള വിവാദ പരാര്‍ശത്തില്‍ സമാജ്‍വാജി പാര്‍ട്ടി എംപി അസംഖാൻ മാപ്പ് പറയുകയായിരുന്നു. എന്നാല്‍ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നായിരുന്നു രമാദേവി വ്യക്തമാക്കിയത്. രമാദേവിയെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അസംഖാൻ ലോകസഭയില്‍ വ്യക്തമാക്കിയെങ്കിലും ഇത് അംഗീകരിക്കാൻ രമാദേവി തയ്യാറായിരുന്നില്ല.

Related News