രണ്ട് മില്ലിഗ്രാം ജിഎച്ച്ബി മരണത്തിലേക്ക് നയിച്ചേക്കും; മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

  • 26/05/2023


കുവൈത്ത് സിറ്റി: മെഡിക്കൽ അതോറിറ്റികളുടെ പ്രിസ്ക്രിബ്ഷൻ ഇല്ലാതെ ജിഎച്ച്ബി എന്ന ഡ്ര​ഗിന്റെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. സൈക്കോട്രോപിക് ഡ്ര​ഗ് വിഭാഗത്തിൽ പെടുന്നതിനാൽ ഇത് അന്തർദ്ദേശീയമായും പ്രാദേശികമായും നിരോധിച്ചിട്ടുള്ളതാണ്. ഏറ്റവും അപകടകരവും വിഷലിപ്തവുമായ പദാർത്ഥങ്ങളിൽ ഒന്നാണ് ജിഎച്ച്ബി എന്നാണ് കരുതപ്പെടുന്നത്.  ചില സന്ദർഭങ്ങളിൽ ഉപയോക്താവിന്റെ തൽക്ഷണ മരണത്തിന് പോലും ഇത് കാരണമായേക്കാം.

അനസ്തേഷ്യയുടെ ഫലത്തിൽ നിന്ന് ഉണർന്നതിന് ശേഷം മെമ്മറിയുടെ ഒരു ഭാഗം മായ്‌ക്കുന്നതിന് ഇത് പോലുള്ള ഡ്ര​ഗുകൾ ഉപയോ​ഗിക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മരുന്ന് നിറമോ മണമോ ഇല്ലാത്ത ഒരു ദ്രാവക പദാർത്ഥമാണെന്നും ഇത് മറ്റേതെങ്കിലും ദ്രാവകവുമായി കലർത്തി ഉപയോ​ഗിച്ചേക്കാമെന്നും  മുന്നറിയിപ്പിൽ അറിയിച്ചിട്ടുണ്ട്.

മരുന്നിനെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർജറികകൾക്കുള്ള അനസ്തേഷ്യയുടെ ആവശ്യത്തിനായി ആശുപത്രികളിൽ ഇത് നിയമപരമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്രതലത്തിൽ ലഹരിക്കായി ഇത് ഉപയോഗിച്ചതായി അടുത്തിടെ ശ്രദ്ധിക്കപ്പെട്ടു. കുവൈത്തിൽ അടുത്തിടെ ഇതിന്റെ ഉപയോഗവും വിതരണവും ശ്രദ്ധയിൽ പെട്ടതായി മന്ത്രാലയം വ്യക്തമാക്കി, കഴിഞ്ഞ ദിവസം 15 ലിറ്റർ  ജി എച് ബി യുമായി ഒരാളെ പിടികൂടിയിരുന്നു . ഇതിന്റെ ഫലത്തിൽ നിന്ന് ഉണരുമ്പോൾ ഓർമ്മ പോലും മായ്ച്ചു കളഞ്ഞേക്കാമെന്നും അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News